പെഷവാർ: പാക്കിസ്ഥാന്റെ വടക്കുപടിഞ്ഞാറുണ്ടായ ഭീകരാക്രമണത്തിൽ 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോടു ചേർന്ന ബാജോറിലായിരുന്നു സംഭവം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കരസേനാ ചെക്പോസ്റ്റിൽ ഇടിച്ചുകയറ്റുകയായിരുന്നു.
സ്ത്രീകളും കുട്ടികളും അടക്കം ഏഴു പേർക്കു പരിക്കേറ്റു. പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക് ഇ താലിബാൻ ഭീകരസംഘടന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റു. സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച 12 ഭീകരരെ വധിച്ചതായി പാക് സൈന്യം അറിയിച്ചു.
സൈനികരുടെ പാർപ്പിടമേഖലയിൽ ആക്രമണം നടത്താനായിരുന്നു ആദ്യം ശ്രമിച്ചത്. സൈനികർ ഭീകരരുടെ വാഹനം തടഞ്ഞു. തുടർന്നാണ് ചെക് പോസ്റ്റിൽ ഇടിച്ചുകയറ്റിയത്.
ശരിയത്ത് നടപ്പാക്കണമെന്നു വാദിക്കുന്ന തെഹ്രിക് ഇ താലിബാൻ 2007 മുതൽ പാക് സർക്കാരിനെതിരേ പോരാടുകയാണ്. 2022ൽ പാക് സർക്കാരുമായുള്ള വെടിനിർത്തൽ അവസാനിച്ച് ആക്രമണങ്ങൾ രൂക്ഷമാക്കി.